
പാലക്കാട്: കശ്മീരിലെ സോജില പാസിലുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് മാധവന്റെ മകന്‍ മനോജാണ് മരിച്ചത്. 25 കാരനായ മനോജ് കൂടി മരിച്ചതോടെ അപകടത്തില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. കശ്മീരിലെ സൗറയില്‍ എസ്‌കെഐഎംഎസ് ആശുപത്രിയിലായിരുന്നു മനോജിനെ പ്രവേശിപ്പിച്ചിരുന്നത്. അടിയന്തര സര്‍ജറി നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മനോജിന്റെ അമ്മ ഭാഗ്യം, സഹോദരി: മഞ്ജുഷ. മനോജിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
പാലക്കാട് നിന്ന് വിനോദയാത്രയ്ക്ക് പോയ പതിമൂന്നു പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളും അയല്‍ക്കാരുമാണ് ഇവര്‍. ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തിയിരുന്നു. അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവരാണ് ഇപ്പോഴും ചികിത്സയിലാണ്.
നിര്‍മാണത്തൊഴിലാളിയാണ് മരിച്ച അനില്‍. സൗമ്യയാണ് ഭാര്യ. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുല്‍. ഭാര്യ നീതു. സര്‍വേ ജോലി ചെയ്യുന്നയാളാണു സുധീഷ്. ഭാര്യ മാലിനി. കടയിലെ ജീവനക്കാരനാണു വിഘ്നേഷ്. കുറി നടത്തി കിട്ടിയ പണവുമായാണ് സുഹൃത്തുക്കള്‍ ചിറ്റൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. നവംബര്‍ 30ന് ട്രെയിനിലാണ് കാശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്.
പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം ഡിസംബര്‍ പത്തിനു തിരിച്ചു വരാനിരിക്കെയാണു അപ്രതീക്ഷിത ദുരന്തമുണ്ടായത്.














