
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡിയുടെ ഇടപെടല്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നങ്ങള്‍ക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
കരുവന്നൂര്‍ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചതായും കൗണ്‍സിലര്‍ അരവിന്ദാക്ഷനെ ഇഡി മര്‍ദ്ദിച്ചതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. ചില ആളുകളോട് മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തി’, എം.വി ഗോവിന്ദന്‍ ആരോപിച്ചു. മകളുടെ വിവാഹം നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഇല്ല. ഇ ഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. ഉത്തരേന്ത്യയില്‍ നിന്നടക്കം വന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിതെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.












