
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പോലീസെന്നോ സാധാരണക്കാരനെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനും പിഴയീടാക്കാനുമായി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ പോലീസിന് തന്നെ പണി നല്‍കി. എഐ ക്യാമറകള്‍ പാവങ്ങളുടെ നിയമലംഘനം മാത്രമേ കണ്ടുപിടിക്കൂ, പോലീസുകാര്‍ക്ക് ഇതൊന്നു ബാധകമല്ലെന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയെന്നോണമാണ് മലയീന്‍കീഴ് പോലീസ് സ്‌റ്റേഷനിലും കാട്ടാക്കട പോലീസ് സ്‌റ്റേഷനിലും പിഴയടക്കാനാവശ്യപ്പെട്ടുള്ള നോട്ടീസ് എത്തിയത്.
രണ്ടു പോലീസ് സ്‌റ്റേഷനുകളിലേയും ജീപ്പുകള്‍ എഐ ക്യാമറയുടെ കണ്ണില്‍ പതിഞ്ഞത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ പോലീസുകാര്‍ യാത്ര ചെയ്തതിനെത്തുടര്‍ന്നാണ്. കാട്ടാക്കട പോലീസ് സ്റ്റേഷനിലെ കെ.എല്‍ 01 സി.എച്ച് 6897 ജീപ്പിന് ജൂണ്‍ 16നും മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ കെ.എല്‍ 01 ബി.ഡബ്ല്യു 5623 ജീപ്പിന് ജൂണ്‍ 27നുമാണ് പിഴയിട്ടിരിക്കുന്നത്.
ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്തുവെന്നാണ് ക്യാമറ കണ്ടെത്തിയത്. ഇതോടെ ഗതാഗത നിയമം ലംഘിച്ചാല്‍ സാധാരണക്കാരെ മാത്രമല്ല പോലീസിനേയും പൊക്കും എന്ന് തെളിയിച്ചിരിക്കുകയാണ് എഐ ക്യാമറ. എന്തായാലും നിയമലംഘനം നടത്തിയ രണ്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇതുവരെയും പിഴ അടച്ചിട്ടില്ലെന്നാണ് വിവരം.