
ലണ്ടന്‍: ജോലിയും ശമ്പള വ്യവസ്ഥകളും സംബന്ധിച്ച് ദീര്‍ഘകാലമായി നടക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ലണ്ടന്‍ ട്യൂബ് സ്റ്റേഷന് ജീവനക്കാര്‍ അടുത്ത മാസം പണിമുടക്കും. ഒക്ടോബര്‍ 4, 6 തീയതികളില്‍ ദി നാഷനല്‍ യൂണിയന് ഓഫ് റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് (ആര്‍എംടി) എന്നിവര്‍ പണിമുടക്കുമെന്നാണ് യൂണിയന് അറിയിച്ചിരിക്കുന്നത്. യൂണിയനിലെ 3500 ലധികം അംഗങ്ങളാണ് പണിമുടക്കിന് തയാറെടുക്കുന്നത്.
ലണ്ടനില്‍ എത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് അണ്ടര്‍ഗ്രൗണ്ട് ട്യൂബുകള്‍. എന്നാല്‍ ഉയര്‍ന്ന ജോലിഭാരം, കൂടുതല്‍ ഏകാന്തമായ ജോലി, കടുത്ത മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ നിരവധി പ്രതിസന്ധികളിലൂടെയാണ് നിലവില്‍ ട്യൂബ് ജീവനക്കാര്‍ കടന്നു പോകുന്നത്. തൊഴില്‍ നഷ്ടവും അവകാശങ്ങള്‍ക്കും ശമ്പള വ്യവസ്ഥകള്‍ക്കും മേലുള്ള ഇടപെടലും മൂലം തങ്ങളുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതെയാകുന്നതെന്ന് ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു.
ജോലി വെട്ടിക്കുറയ്ക്കലും വ്യവസ്ഥകള്‍ക്കെതിരായ ആക്രമണങ്ങളും തുടരുന്നത് ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്റ്റേഷനുകള്‍ക്കും താല്‍ക്കാലിക അടച്ചുപൂട്ടലുകള്‍ക്കും ജനരോഷത്തിനും കാരണമാകുമെന്നും മിക്ക് ലിഞ്ച് പറഞ്ഞു. പണിമുടക്ക് വിഷയത്തില്‍ അടിയന്തരമായി പരിഹാര ചര്‍ച്ചകള്‍ നടത്തണമെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനോട് ആര്‍എംടി ആവശ്യപ്പെട്ടിട്ടുണ്ട്.