
21 വയസ്സുകാരിയായ നൃത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമയിലെ നൃത്ത വിദ്യാര്‍ഥിനിയായിരുന്ന ജൂലി ബസ്കന് എന്ന 21കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആന്തണി സാഞ്ചസിന്റെ വധശിക്ഷയാണ് ഒക്ലഹോമയില്‍ നടപ്പാക്കിയത്. വ്യാഴാഴ്ച്ച രാവിലെ മക്അലെസ്റ്ററിലുള്ള സ്റ്റേറ്റ് പെനിഷ്യറിയില് മൂന്നു തരം വിഷമരുന്നുകള്‍ കുത്തിവെച്ചാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
1996ല്‍ നടന്ന കൊലപാതകക്കേസില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. മരണത്തിനു തൊട്ടു മുന്‍പും താന്‍ നിരപാധിയാണെന്ന് സാഞ്ചസ് അവകാശപ്പെട്ടിരുന്നു. പക്ഷെ ഇയാള്‍ വധശിക്ഷയ്ക്കെതിരെ ദയവിനു അപേക്ഷിച്ചിരുന്നില്ല. കൊലപാതകം നടന്നു പത്ത് വര്‍ഷത്തിനു ശേഷമായിരുന്നു പോലീസ് പ്രതിയെ പിടികൂടിയത്. മറ്റൊരു കവര്‍ച്ചക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സാഞ്ചെസിന്റെ ഡി എന്‍ എ പരിശോധന നടത്തിയതിലൂടെയാണ് കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞത്.
അര്‍കന്‍സോയിലെ ബെന്റണ് സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ജൂലി ബസ്കന്. 1996 ഡിസംബര്‍ 20നാണ് പ്രതി യുവതിയെ ഒക്ലഹോമയില്‍ നോര്‍മന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനു ശേഷം ഇയാള്‍ യുവതിയെ തലയില്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്നു വൈകിട്ടു ഒക്ലഹോമ സിറ്റിയില്‍ തെക്കുകിഴക്ക് സ്റ്റാന്‍ലി ഡ്രെപര് തടാകത്തിനു സമീപത്തു നിന്നാണ് പോലീസ് യുവതിയുടെ ജഡം കണ്ടെടുത്തത്. അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.