യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ 29 വര്‍ഷമായി ജയിലില്‍; മലയാളിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബന്ധുവായ യുവതിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ ജയിലില്‍ കഴിയേണ്ടിവരുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെട്ടത്. അങ്കമാലി സ്വദേശി ജോസഫാണ് കഴിഞ്ഞ 29 വര്‍ഷമായി ജയിലില്‍ കഴിയുന്നത്.

1994 സെപ്റ്റംബര്‍ 16നാണ് ജോസഫ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ ജോസഫിനു ജീവപര്യന്തം ശിക്ഷയാണ് അന്ന് കോടതി വിധിച്ചത്. എന്നാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്നു കാട്ടി ജോസഫ് നേരത്തേ സുപ്രഅപ്പീല്‍ നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളി. പിന്നീട് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു കാണിച്ച് ആര്‍ട്ടിക്കിള്‍ 32 പ്രകാരം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇയാളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ ജോസഫിനെ പുറത്തുവിടണമെന്നും 2000 – 2016 കാലയളവില്‍ സമാനമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട 350 പേര്‍ക്ക് മോചനം നല്‍കിയിട്ടുണ്ടെന്നും ജോസഫിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാര്‍ശ ചെയ്തിട്ടും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മോചനം നിഷേധിച്ചു എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കേസില്‍ വാദം കേട്ട കോടതി, ജയിലില്‍ വച്ച് ഒരുപാട് നല്ല മാറ്റങ്ങള്‍ പ്രതിക്ക് സംഭവിച്ചെന്നും വീണ്ടും ദീര്‍ഘനാള്‍ ഇയാളെ ജയിലില്‍ ഇടുന്നത് ശരിയായ നടപടിയല്ലെന്ന് നീരീക്ഷിച്ച ശേഷം ജോസഫിനെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.