റഷ്യയില്‍ സെക്യൂരിറ്റി ജോലിക്കായി എത്തിയ ഇന്ത്യക്കാരെ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഷ്യയില്‍ സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് വ്യാജവാഗ്ദാനം നല്‍കി ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു പരാതി. തെലങ്കാന, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുപരും കര്‍ണാടകയില്‍ നിന്നു മൂന്നും ഗുജറാത്ത്,യുപി എന്നിവിടങ്ങളില്‍ നിന്നായി ഒരാള്‍ വീതവുമാണ് റഷ്യയില്‍ കുടുങ്ങിയത്.

തെലങ്കാനയില്‍ നിന്നുള്ള 22 കാരനായ മുഹമ്മദ് സൂഫിയാനും കര്‍ണാടകയിലെ കലബുറഗിയില്‍ നിന്നുള്ള മറ്റ് മൂന്ന് പേരും റഷ്യയില്‍ കുടുങ്ങിയതിനെ കുറിച്ച് അവരുടെ കുടുംബങ്ങള്‍ക്ക് ഒരു എമര്‍ജന്‍സി സന്ദേശം അയച്ചുവെന്നും ഉക്രെയ്‌നിനെതിരായ യുദ്ധത്തില്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതരാണെന്നും സന്ദേശത്തിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി പറയുന്ന വീഡിയോ സൂഫിയാന്‍ കുടുംബത്തിന് അയച്ചു. സെക്യൂരിറ്റി ഹെല്‍പ്പര്‍മാരായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത റിക്രൂട്ടര്‍മാര്‍ ഡിസംബര്‍ 23 ന് അവരെ റഷ്യയിലേക്ക് അയച്ചെങ്കിലും യുദ്ധത്തിന് സൈന്യത്തിനൊപ്പം ചേരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് അവര്‍ നല്‍കുന്ന വിവരം. ‘ദയവായി ഞങ്ങളെ രക്ഷിക്കൂ, ഞങ്ങള്‍ ഒരു ഹൈടെക് തട്ടിപ്പിന്റെ ഇരയാണ്’ എന്ന് സൂഫിയാന്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

2023-ല്‍ ഈ നാല് ഇന്ത്യക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് റഷ്യയില്‍ ഉയര്‍ന്ന ശമ്പളം നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതോടെ ഡിസംബറിലാണ് ഇവര്‍ റഷ്യക്കുപോയത്. സന്ദര്‍ശക വിസയിലാണ് ഇവര്‍ ചെന്നൈയില്‍ നിന്ന് റഷ്യയിലേക്ക് വിമാനം കയറിയത്. പ്രതിമാസം 2 ലക്ഷ രൂപയാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്ത് ജോലിയിലേക്ക് ആകര്‍ഷിച്ചത്.

റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സെക്യൂരിറ്റി തുകയായി 3.5 ലക്ഷം രൂപ നല്‍കിയതായി ഒരു കുടുംബാംഗം പറഞ്ഞു. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ യുവാക്കള്‍ ഉണ്ടെന്ന് കേട്ടപ്പോള്‍ കുടുംബങ്ങള്‍ ഞെട്ടി, ഉക്രെയ്ന്‍ യുദ്ധത്തില്‍ പോരാടുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ഒരു സ്വകാര്യ സൈനിക കമ്പനിയായ വാഗ്‌നര്‍ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നും വിവരമുണ്ട്.

ഈ നാല് ഇന്ത്യന്‍ പൗരന്മാരെക്കൂടാതെ 60 ഇന്ത്യക്കാരും ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ സ്വകാര്യ സൈന്യത്തിലേക്ക് നിര്‍ബന്ധിതമായി എത്തപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് യുവാക്കളെ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും റഷ്യന്‍ സൈനികന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അവരുടെ കുടുംബങ്ങള്‍ക്ക് സന്ദേശം അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide