
ന്യൂഡല്‍ഹി: എയര്‍ വിസ്താര വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇന്നലെ മുംബൈയില്‍ തിരിച്ചിറക്കിയിരുന്നു. നടി രശ്മിക മന്ദാനയും ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്തിരുന്നു. അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഫ്‌ളൈറ്റ് യാത്രയെക്കുറിച്ച് താരം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം താരത്തിന്റെ ആരാധകരടക്കം ഏറ്റെടുത്തിരിക്കുകയാണ്.
രശ്മിക മന്ദാന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു. ശ്രദ്ധ ദാസിനൊപ്പമുള്ള ഒരു സെല്‍ഫി പോസ്റ്റ് ചെയ്തതിനൊപ്പം ‘ഞങ്ങള്‍ ഇന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയാണ്…’ എന്നും കുറിച്ചിരുന്നു.
നടി ശ്രദ്ധ ദാസിനൊപ്പം രശ്മിക മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറക്കുന്നതിനിടെയായിരുന്നു സംഭവം. സാങ്കേതിക പ്രശ്നങ്ങള്‍ക്കാരണം വിമാനം പറന്നുയര്‍ന്ന് 30 മിനിറ്റിനുള്ളില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു.
സംഭവത്തില്‍ പ്രതികരിച്ച വിസ്താര എയര്‍ലൈന്‍സ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയാണ് തിരികെ മടങ്ങാനുള്ള തീരുമാനമെന്ന് അറിയിച്ചു. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്‌ലൈറ്റില്‍ U-K531ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തി. മുന്‍കരുതല്‍ നടപടിയായി, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ക്കനുസൃതമായി, പൈലറ്റുമാര്‍ വിമാനം തിരിച്ച് ഇറക്കാന്‍ തീരുമാനിച്ചു. സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍, അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു.
‘മറ്റൊരു വിമാനം ക്രമീകരിച്ച് യാത്ര പുനരാരംഭിക്കുകയും ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ലഘുഭക്ഷണം വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെ, അസൗകര്യങ്ങള്‍ കുറയ്ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എയര്‍ലൈന്‍സ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ‘അനിമല്‍’ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് രശ്മിക മന്ദാന. തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ് താരം ഇപ്പോള്‍. അല്ലു അര്‍ജുനൊപ്പം ശ്രീവല്ലി എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുന്ന രശ്മികയുടെ പ്രതീക്ഷയുള്ള ബിഗ്ബജറ്റ് ചിത്രംകൂടിയാണ് പുഷ്പ 2.














