വിവാഹത്തിന് ‘ചിരി നന്നാക്കാന്‍’ സര്‍ജറി : ഹൈദരാബാദില്‍ യുവാവ് മരിച്ചു

ഹൈദരാബാദ്: വിവാഹത്തിന് മുന്നോടിയായി പുഞ്ചിരി വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഹൈദരാബാദ് സ്വദേശി മരിച്ചു. കഴിഞ്ഞയാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്.

ഫെബ്രുവരി 16 ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍ ‘സ്‌മൈല്‍ ഡിസൈനിംഗ്’ ശസ്ത്രക്രിയയ്ക്കിടെ 28 കാരനായ ലക്ഷ്മി നാരായണ വിഞ്ജം എന്ന യുവാവാണ് മരണപ്പെട്ടത്.

അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് യുവാവിന്റെ ജീവനെടുത്തതെന്ന് പിതാവ് ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന് ബോധരഹിതനായതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിളിച്ച് ക്ലിനിക്കിലേക്ക് വരാന്‍ പറഞ്ഞിരുന്നുവെന്നും പെട്ടെന്നുതന്നെ മറ്റൊരു ആുപത്രിയിലേക്ക് മകനെ എത്തിച്ചതായും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നുമാണ് പിതാവ് രാമുലു വിഞ്ജം പറയുന്നത്.

അതേസമയം, മകന്‍ ഇത്തരത്തിലൊരും ശസ്ത്രക്രിയയെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മകന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മകന്റെ മരണത്തിന് ഡോക്ടര്‍മാരാണ് ഉത്തരവാദികളെന്നുമാണ് പിതാവിന്റെ ആരോപണം. അതേസമയം, വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി രേഖകളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.