
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന് വിശദീകരണം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
നല്ല വരുമാനം ലഭിച്ചിട്ടും ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മതിലകത്തെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തിയത്. സേവനവും ഉത്പന്നവും നല്‍കുമ്പോള്‍ ക്ഷേത്രം നികുതി വാങ്ങുന്നുണ്ട്. എന്നാല്‍ അത് അടയ്ക്കുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. ഇതോടെ നോട്ടീസ് നല്‍കുകയായിരുന്നു. എത്രയും വേഗം നികുതി അടയ്ക്കണം എന്നാണ് ഭരണസമിതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അല്ലാത്തപക്ഷം 100 ശതമാനംവരെ പിഴയും 18 ശതമാനം പലിശപ്പിഴയും അടയ്ക്കേണ്ടിവരുമെന്നും നോട്ടീസിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.