തൂക്കക്കാരൻ മാത്രമല്ല, ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ അമ്മയും ക്ഷേത്രം ഭാരവാഹികളും കുറ്റക്കാർ

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിൽ ഗരുഡൻ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്. ആദ്യം തൂക്കക്കാരനെതിരെ മാത്രം കേസെടുത്തിരുന്ന പൊലീസ്, ഇപ്പോൾ കുഞ്ഞിന്‍റെ അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മക്ക് പുറമേ, ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ്, ക്ഷേത്ര ഭരണസമിതി സെക്രട്ടറി എന്നിവരും കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ജെ ജെ ആക്ട് കൂടി ഉൾപ്പെടുത്തിയാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

ഈ മാസം 18 നാണ് ഗരുഡൻ തൂക്കം വഴിപാടിനിടെ ഏഴംകുളം ക്ഷേത്രത്തിൽ 10 മാസം പ്രായമുള്ളകുഞ്ഞ് താഴെവീണ് പരിക്കേറ്റത്. സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതി ചേർത്താണ് അന്ന് അടൂർ പൊലീസ് കേസെടുത്തത്. ശേഷം ഇപ്പോഴാണ് അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കിയത്.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ശിശു സംരക്ഷണ സമിതിയോടടക്കം ബാലാവകാശ കമ്മീഷൻ നടപടിയെടുക്കാൻ നിർദേശം നൽകിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

10 months old baby fell down from garudan thookkam police case against mother fir details