ഓൺലൈൻ പിറന്നാൾ കേക്ക് കഴിച്ച് 10 വയസുകാരി മരിച്ച സംഭവത്തിൽ മരണ കാരണം കണ്ടെത്തി; ‘സാക്കറിൻ കൂടിയത്’, ബേക്കറി ഉടമ കുടുങ്ങും

ഓൺലൈനായി വാങ്ങിയ പിറന്നാൾ കേക്ക് കഴിച്ച് പത്തുവയസുകാരി മരിച്ച സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ മരണ കാരണം കണ്ടെത്തി. കേക്കിൽ വലിയ അളവിൽ കൃത്രിമ മധുരമായ സാക്കറിൻ ചേർത്തിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇക്കാര്യം ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. വിജയ് ജിൻഡാൽ തന്നെയാണ് വ്യക്തമാക്കിയത്. മധുരത്തിനായി ഉപയോഗിക്കുന്ന സിന്തറ്റിക് സംയുക്തമാണ് സാക്കറിൻ. എല്ലാ മധുരപലഹാരങ്ങളിലും ജ്യൂസുകളിലും ഇത് ചെറിയ അളവിൽ ചേർക്കാറുണ്ടെങ്കിലും ഉയർന്ന അളവിൽ കഴിക്കുന്നത് അപകടകരമാണ്.

ഉയർന്ന അളവിലെ സാക്കറിൻ ക്ഷണവേഗത്തിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വ‌ർദ്ധിപ്പിക്കുകയും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പത്തുവയസുകാരിയുടെ മരണത്തിന്‍റെ പ്രധാനകാരണമായി കണ്ടെത്തിയതും ഇതാണ്. ഉയർന്ന അളവിൽ സാക്കറിൻ ചേർത്ത ബേക്കറി ഉടമക്കെതിരെ ഉടൻതന്നെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ തന്നെ ബേക്കറി ഉടമയ്ക്കെതിരെ കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 24 നാണ് പിറന്നാൾ ദിനത്തിൽ ഓൺലൈനിലൂടെ ഓർഡർ ചെയ്തെത്തിച്ച കേക്കിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 10 വയസുകാരി മരിച്ചത്. പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് ഓൺലൈനായി കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്കെല്ലാം ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു.

സംഭവം ഇങ്ങനെ

പട്യാലയിലെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈനായി കേക്ക് എത്തിച്ചു. രാത്രി ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോൾ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓൺലൈനിൽ നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിരുന്നതായി കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു.

10 year old girl dies after food poison eating cake ordered online on birthday

More Stories from this section

family-dental
witywide