
ലക്‌നൗ : യുപിയിലെ ഷാജഹാന്‍പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് മറിഞ്ഞ് 11 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ ട്രക്ക് ഇടിച്ച് മറിയുകയായിരുന്നു. ഇരകളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
ഖുതാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോല ബൈപാസ് റോഡിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കല്ല് നിറച്ച് വന്ന ട്രക്കാണ് ബസില്‍ ഇടിച്ചത്. ബസില്‍ ഒരു ഡസനിലധികം തീര്‍ഥാടകരുണ്ടായിരുന്നു. സീതാപൂരില്‍ നിന്ന് പൂര്‍ണഗിരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഷാജഹാന്‍പൂരിലെ ഭക്ഷണശാലയ്ക്ക് അരികില്‍ നിര്‍ത്തിയിടുകയായിരുന്നു.
മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ട്രക്കിന്റെ അടിയില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ക്രെയിന്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് ട്രക്കിന് അടിയില്‍പ്പെട്ട തീര്‍ഥാടകരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.
ചിലര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയിരുന്നു. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ ബസിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.