
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) സിഇഒ നിയമനത്തിനായി എക്സിക്യൂട്ടീവ് കൗണ്‍സിലിൽ ഐഒഎ പ്രസിഡൻ്റായ പി ടി ഉഷ സമ്മർദം ചെലുത്തിയെന്ന് ആരോപണം. 15 അംഗ കൗണ്‍സിലിലെ 12 അംഗങ്ങളും ഉഷയ്ക്ക് എതിരെ ആരോപണവുമായി മുന്നോട്ടു വന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവായിരുന്ന രഘു അയ്യരെ സിഇഒയായി നിയമിച്ചുകൊണ്ട് ജനുവരി ആറിന് ഉഷ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. അത് ഏകപക്ഷീയ തീരുമാനമായിരുന്നു എന്നാണ് ആരോപണം. സി ഇ ഒയുടെ ശമ്പളവും ആനുകൂല്യവും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചതായും ആരോപണമുണ്ട്. പ്രതിവർഷം മൂന്ന് കോടി രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
“സി ഇ ഒയുടെ നിയമനം കഴിഞ്ഞ ഇസി മീറ്റിങ്ങിലെ അജൻഡയില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകപക്ഷീയമായി വിഷയം അവതരിപ്പിച്ചുകൊണ്ട് തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കാന്‍ നിങ്ങള്‍ സമ്മർദം ചെലുത്തി. നിങ്ങള്‍ നടപടിക്രമങ്ങള്‍ നടത്തിയ രീതി സ്ഥാപനത്തിന് യോജിച്ചതല്ല. സി ഇ ഒയുടെ നിയമനം ഇ സി അംഗീകരിച്ചിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. നടപക്രമങ്ങള്‍ അനുസരിച്ച് നിയമനം നടത്താനുള്ള അവസരം ഇസിക്ക് ലഭിച്ചിട്ടില്ല,” 12 ഇ സി അംഗങ്ങള്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു.
ജനുവരി 14-ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നത്. സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍, ട്രഷറർ സഹദേവ് യാദവ്, വൈസ് പ്രസിഡന്റുമാരായ രാജലക്ഷ്മി ഡിയൊ, ഗഗന്‍ നാരംഗ്, ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വർ ദത്ത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച ഇ സിയിലെ പ്രമുഖർ. ഉഷ, ഒളിമ്പിക് മെഡല്‍ ജേതാവ് മേരി കോം, അജന്ത ശരത് കമാല്‍ എന്നിവർ മാത്രമാണ് കത്തില്‍ ഒപ്പുവെക്കാത്തത്.
എന്നാല്‍ ഇ സി അംഗങ്ങളുടെ ആരോപണത്തെ ഉഷ പൂർണമായും തള്ളി. നിയമനം അജൻഡയില്‍ വെച്ചതാണെന്നും വിശദമായ ചർച്ചയ്ക്ക് ശേഷം ഇസി അംഗങ്ങളുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തിയതെന്നും ഉഷ അവകാശപ്പെട്ടു. സി ഇ ഒ പുതിയ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ ഇ സി അംഗങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ലജ്ജാകരമാണെന്നും ഉഷ പറഞ്ഞു.
12 EC members allege president PT Usha exerted pressure in IOA CEO appointment