മലയാളി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ മരണം: ഡല്‍ഹിയിലെ 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു

ന്യൂഡല്‍ഹി: ബേസ്മെന്റില്‍ വെള്ളകയറി അപകടത്തില്‍പ്പെട്ട് മൂന്ന് ഐഎഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ 13 കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി. ഓള്‍ഡ് രജീന്ദര്‍ നഗര്‍ ഏരിയയിലെ 13 കോച്ചിംഗ് സെന്ററുകളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദില്ലി (എംസിഡി) സീല്‍ ചെയ്തത്.

അധികൃതര്‍ പ്രദേശത്തെ നിരവധി കോച്ചിംഗ് സെന്ററുകളില്‍ ഞായറാഴ്ച പരിശോധന നടത്തുകയും സുരക്ഷിതമല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുകയുമായിരുന്നുവെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് പറഞ്ഞു.

മലയാളി ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് കെട്ടിടനിര്‍മ്മാണ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാത്തതിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വന്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ ഞായറാഴ്ച മേയറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം മുഖര്‍ജി നഗറിലെ ഒരു ഐഎഎസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍ തീപിടിത്തത്തെത്തുടര്‍ന്ന്, കെട്ടിട നിയമങ്ങള്‍ ലംഘിക്കുന്ന കോച്ചിംഗ് സെന്ററുകളുടെ സര്‍വേ ആരംഭിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ നടപടി പാതിവഴിയില്‍ നിലച്ചുപോയെന്നാണ് ആരോപണം.

ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ മരിക്കുകയായിരുന്നു.

More Stories from this section

family-dental
witywide