
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള ലാവോസ് എന്ന രാജ്യത്തേക്ക് നിയമവിരുദ്ധ ജോലിയിലേക്ക് ആകര്‍ഷിക്കപ്പെട്ട് തട്ടിപ്പിനിരയായി എത്തിയ 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയക്കുകയാണെന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ മാസവും സമാന രീതിയില്‍ ലാവോസില്‍ നിന്നും 17 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
തൊഴില്‍ത്തട്ടിപ്പ് പ്രശ്‌നങ്ങള്‍ ഗുരുതരവും വ്യാപകവുമായി തുടരുന്നതിനിടെ എംബസി ഇതുവരെ 428 ഇന്ത്യക്കാരെ ലാവോസില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതേസമയം, ലാവോസില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ വ്യാജമോ നിയമവിരുദ്ധമോ ആയ തൊഴിലിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
ലാവോസ് അഥവാ ലാവോ പിഡിആറിലേക്ക് വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ തട്ടിപ്പുകള്‍ക്കും മറ്റ് വ്യാജമോ നിയമവിരുദ്ധമോ ആയ തൊഴില്‍ വാഗ്ദാനങ്ങളിലും വഞ്ചിതരാകരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. തായ്ലന്‍ഡ് വഴി ഇന്ത്യന്‍ പൗരന്മാരെ ജോലിക്കായി ആകര്‍ഷിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എംബസി വ്യക്തമാക്കുന്നു.
ലാവോസിലെ കോള്‍ സെന്റര്‍ തട്ടിപ്പുകളിലും ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലും ഏര്‍പ്പെട്ടിരിക്കുന്ന സംശയാസ്പദമായ കമ്പനികളുടെ ‘ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകള്‍’ അല്ലെങ്കില്‍ ‘കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ്’ തുടങ്ങിയ തസ്തികകള്‍ക്കായാണ് ഈ വ്യാജ ജോലി തട്ടിപ്പ് നടത്തുന്നതെന്നും എംബസി പറഞ്ഞു. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെ ഏജന്റുമാര്‍ ലളിതമായ അഭിമുഖങ്ങളും ടെസ്റ്റുകളും നടത്തി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകളായി പെട്ടുപോകുന്നവരെ തായ്ലന്‍ഡ് അതിര്‍ത്തി കടത്തി ലാവോസിലേക്ക് അനധികൃതമായി കൊണ്ടുപോകുകയും ബന്ദിയാക്കുകയും ചെയ്യും. പിന്നീട് അവര്‍ പറയുന്നതനുസരിച്ച് ജോലി ചെയ്യേണ്ടി വരികയും തട്ടിപ്പിന് ഇരകളായി രക്ഷപെടാന്‍ പറ്റാത്ത കുരുക്കില്‍ വീണ് പോകുകയും ചെയ്യും.