
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സിന്റെ വക ക്രൂരപീഡനമെന്ന് പരാതി. വിദ്യാര്‍ത്ഥിയ ക്രൂരമായി മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ എട്ടാം ക്ലാസുകാരന്റെ സഹപാഠിയും ഉണ്ടായിരുന്നു. സഹപാഠിയും ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗത്ത് വടി കുത്തിക്കയറ്റിയെന്നും റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാര്‍ച്ച് 18നാണ് സംഭവം നടന്നതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
14 വയസ്സുള്ള വിദ്യാര്‍ത്ഥിയെയാണ് സഹപാഠിയും മറ്റ് മുതിര്‍ന്ന കുട്ടികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം ആരോടും പറയരുതെന്ന് സഹപാഠികള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും എട്ടാം ക്ലാസുകാരന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. മാര്‍ച്ച് 13ന് സഹപാഠിയുമായി വഴക്കുണ്ടാക്കിയെന്നും ഇതേത്തുടര്‍ന്ന് മാര്‍ച്ച് 18ന് വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദ്ദിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു. ക്രൂരപീഡനത്തിനിരയായ കുട്ടിയെ മാര്‍ച്ച് 20ന് വയറുവേദനയെ തുടര്‍ന്ന് അടുത്തുള്ള ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് അവസ്ഥ മോശമായതിനാല്‍ മാര്‍ച്ച് 28 ന് മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ഒരു ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കുട്ടിയുടെ അവസ്ഥകണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന ഭീഷണി ഭയന്നാണ് കുട്ടി ആരോടും ഒന്നും പറയാതിരുന്നത്.











