
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും യാത്രാ ട്രെയിനിന്റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം അറുപതായി ഉയര്‍ന്നു. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിരവധി പേര്‍ ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 8: 50 ഓടെയാണ് അപകടം. ന്യൂജയ്പാല്‍ഗുരി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് മുന്നോട്ട് പോയ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് സിഗ്‌നല്‍ മറികടന്നെത്തിയ ചരക്ക് ട്രെയിന്‍ ഇടിച്ചുകയറിയെന്നാണ് വിവരം. ഡല്‍ഹി റെയില്‍വേ മന്ത്രാലയത്തില്‍ വാര്‍ റൂം തുറന്നു. അപകടസ്ഥലത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ വിലയിരുത്താനാണ് ഇത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡല്‍ഹിയില്‍ നിന്ന് ഡാര്‍ജിലിംഗിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
അപകടകാരണം സർക്കാരിന്റെ വീഴ്ചയും കെടുകാര്യസ്ഥതയുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അപകടം റെയിൽവേ മന്ത്രാലത്തിന്റെ വീഴ്ചയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.