
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീട്ടുജോലിക്കാരിയായ ഒഡീഷയില്‍ നിന്നുള്ള 17 കാരിയെ 13 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പ്രതികളായ 11 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ ജനുവരി 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, ബാക്കി രണ്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഒഡീഷയില്‍ നിന്ന് ഒമ്പത് മാസം മുമ്പാണ് പെണ്‍കുട്ടി വിശാഖപട്ടണത്തെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഡിസംബര്‍ 17 ന് പെണ്‍കുട്ടിയെ കാണാതാവുകയും ഒരു ദിവസത്തിന് ശേഷം പിതാവ് വിശാഖപട്ടണത്ത് കാണാതായതായി പരാതി നല്‍കുകയും ചെയ്തു.
ഡിസംബര്‍ 23 ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും 25 ന് പിതാവിനൊപ്പം പോലീസ് സംഘം പെണ്‍കുട്ടിയെ വിശാഖപട്ടണത്തേക്ക് തിരികെ അയയ്ക്കുകയും ചെയ്തു.
മാനസിക ആഘാതത്തില്‍ അകപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 31 ന് മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വിവിധ ലോഡ്ജുകളില്‍ വച്ച് 13 പേര്‍ വിവിധ തീയതികളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് മൊഴി രേഖപ്പെടുത്തി.













