
മെക്സിക്കോ സിറ്റി: വടക്കുപടിഞ്ഞാറന്‍ മെക്സിക്കോയില്‍ ചൊവ്വാഴ്ച ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും തമ്മിലുണ്ടായ അപകടത്തില്‍ 19 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ ഗ്വാഡലജാര നഗരത്തില്‍ നിന്ന് സിനാലോവയിലെ ലോസ് മോച്ചിസിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ബസ് കത്തിയമരുകയായിരുന്നു.
50 ഓളം ആളുകളുമായി സഞ്ചരിച്ചിരുന്ന ബസും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് തീപിടിത്തമുണ്ടായത്.
മെക്‌സിക്കോയില്‍ മാരകമായ റോഡപകടങ്ങള്‍ സാധാരണമായി മാറുകയാണ്. പലപ്പോഴും ഉയര്‍ന്ന വേഗത, മോശം വാഹനങ്ങളുടെ അവസ്ഥ അല്ലെങ്കില്‍ ഡ്രൈവര്‍ ക്ഷീണിതനാകുക എന്നിവയാണ് കാരണമായി മാറാറുള്ളത്.
രാജ്യത്തെ ഹൈവേകളില്‍ ചരക്ക് ട്രക്കുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് 2023 ജൂലൈയിലാണ് ഉണ്ടായത്. അപകടത്തില്‍ തെക്കന്‍ സംസ്ഥാനമായ ഒക്സാക്കയില്‍ ഒരു പാസഞ്ചര്‍ ബസ് പര്‍വത പാതയില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 29 പേരോളം മരിച്ചിരുന്നു.















