
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്നം മൂലം തങ്ങളുടെ 192 വിമാനസർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷൻ താത്ക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻസ് വ്യക്തമാക്കി.
തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ആഭ്യന്തര സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയിരിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ നൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിർദ്ദേശം പുറപ്പെടുവിച്ചു. യാത്രക്കർ ക്ഷമയോടെ കാത്തിരിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും റാം മോഹൻ നായിഡു എക്സിൽ പുറത്ത് വിട്ട വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
ഇൻഡിഗോ കൂടാതെ, ആകാശ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇന്‍ ജോലികളും താറുമാറായി. ബുക്കിങ്, ചെക്ക്-ഇന്‍, റീഫണ്ട് സേവനങ്ങൾക്കാണ് തടസ്സങ്ങൾ നേരിടുന്നത്. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനികൾ പിന്നീട് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറി.