
ബർമിങ്ഹാം: യുകെയിൽ കോട്ടയം നീണ്ടൂർ സ്വദേശി, യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബർമിങ്ങാമിന് സമീപം വൂൾവർഹാംപ്ടണിൽ താമസിച്ചിരുന്ന ജെയ്‌സൺ ജോസഫ് (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയ്‌സൺ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് വർഷം മുൻപാണ് യുകെയിൽ എത്തിയത്. ജെയ്‌സൺ അവിവാഹിതനായിരുന്നു. രണ്ട് സഹോദരിമാർ കവന്‍ററിയിലും ബർമിങ്ങാമിലും താമസിക്കുന്നുണ്ട്. നീണ്ടൂർ കോണത്തേട്ട് പരേതരായ ജോസഫ്, ലീലാമ്മ ദമ്പതികളുടെ മകനാണ്. നാട്ടിൽ സെന്‍റ് മിഖായേൽസ് ക്നാനായ പള്ളിയിലെ അംഗമാണ്. സംസ്കാരം പിന്നീട്.
അതിനിടെ കഴിഞ്ഞദിവസം കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. സ്ത്രീയും കുട്ടിയുമുൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രസ്വദേശിയായ ചിരഞ്ജീവി പൻഗുലുരി (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലെസ്റ്ററിൽനിന്ന് മാർക്കറ്റ് ഹാർബറോയിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.
2 Indian Youths died at UK