
വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളുടെ മരണം തുടർക്കഥയാകുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാര്‍ഥി ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു അഭിജിത്തിന്റെ മൃതദേഹം. ഈ വർഷത്തെ ഒമ്പതാമത്തെ സംഭവമാണിത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ട്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച അഭിജിത്. ആന്ധ്രയിലെ പരുച്ചൂരി ചക്രധാറിന്റേയും ശ്രീലക്ഷ്മിയുടേയും ഏക മകനാണ് അഭിജിത്ത്.
കാമ്പസിനുള്ളിലെ വനത്തിൽ നിന്നാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിനും ലാപ്‌ടോപ്പിനും വേണ്ടി അക്രമികൾ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക സംശയം.
അതേസമയം, അഭിജിതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. അഭിജിതിന് ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികളുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായിരുന്നോ എന്നതടക്കം സംശയം ഉയരുന്നുണ്ട്.
അഭിജിത്തിന്റെ അന്ത്യകർമങ്ങൾ ഇതിനകം ആന്ധ്രാപ്രദേശിലെ അദ്ദേഹത്തിൻ്റെ ജന്മനാടായ തെനാലിയിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ടീം എയ്ഡ് എന്ന എൻജിഒ അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സഹായിച്ചിരുന്നു.













