
ബെംഗളൂരു: വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങൾക്ക് ബെംഗളൂരു അധികൃതർ പിഴ ചുമത്തി. സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോർഡിൻ്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപ പിഴയടക്കണം.
22 വീടുകളിൽ നിന്ന് 1.1 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്, ഏറ്റവും കൂടുതൽ (80,000 രൂപ) തെക്കൻ മേഖലയിൽ നിന്നാണ്.
പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസം ആദ്യം, BWSSB കുടിവെള്ളത്തിൻ്റെ ശ്രദ്ധാപൂർവ്വമുള്ള ഉപയോഗം ശുപാർശ ചെയ്തിരുന്നു. വാഹനങ്ങൾ കഴുകുന്നതിനും നിർമ്മാണത്തിനും വിനോദ ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് താമസക്കാരോട് അഭ്യർത്ഥിച്ചിരുന്നു.
ജലദൗർലഭ്യം കാരണം ഹോളി ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിന് വാട്ടർഅതോറിറ്റിയുടെ വെള്ളമോ കുഴൽകിണർ വെള്ളമോ ഉപയോഗിക്കുന്നത് അടുത്തിടെ നിരോധിച്ചിരുന്നു. ഇതിന് ശേഷം പലയിടത്തും ഹോളി ആഘോഷം വേണ്ടെന്ന് വെച്ചിരുന്നു.