
ന്യൂഡൽഹി: രാജ്യം വിട്ട് അമേരിക്കയിലേക്ക് പോകാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ പുറത്ത് ഏതറ്റം വരെയും പോകാൻ തയ്യാറായിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു യുവാവും ഭാര്യയും. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള 24 കാരൻ 67 വയസുള്ള ആളെപ്പോലെ രൂപമാറ്റം നടത്തിയാണ് രാജ്യം വിടാൻ ശ്രമിച്ചത്.
ജൂൺ 18 ന് വൈകുന്നേരം 5:20 ഓടെ ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3 ൽ നിലയുറപ്പിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ദമ്പതികളെ തടയുകയായിരുന്നു. ഗുരു സേവക് സിംഗ് എന്നയാൾ ഭാര്യയോടൊപ്പമാണ് വ്യാജ രേഖകളും പുതിയ രൂപഭാവങ്ങളുമായി ഇമിഗ്രേഷൻ കൗണ്ടറിനെ സമീപിച്ചത്. രഷ്‌വീന്ദർ സിംഗ് സഹോട്ട എന്നായിരുന്നു പാസ്പോർട്ടിലെ പേര്. 1957 ഫെബ്രുവരി 2 ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചുവെന്നും രേഖകളിൽ പറയുന്നു.
എന്നാൽ, ഗുരു സേവകിൻ്റെ ശരീര രൂപവും പാസ്‌പോർട്ടിലെ വിശദാംശങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഉടൻ തന്നെ ഉദ്യോഗസ്ഥരിൽ സംശയങ്ങൾ ഉയർത്തി. ഇമിഗ്രേഷൻ ഓഫീസർ അദ്ദേഹത്തിൻ്റെ രൂപത്തിലും ശബ്ദത്തിലും പെരുമാറ്റത്തിലും പൊരുത്തക്കേടുകൾ ശ്രദ്ധിച്ചു. രേഖകളുടെ ആധികാരികതയെക്കുറിച്ചും യാത്രക്കാരൻ്റെ യഥാർത്ഥ ഐഡൻ്റിറ്റിയെക്കുറിച്ചും ഓഫീസർക്ക് സംശയം തോന്നി.
തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരു സേവക് തലമുടിയും താടിയും വെളുപ്പിച്ചതായും കണ്ണട ധരിച്ച് പ്രായമായ ആളെപ്പോലെ അഭിനയിക്കുകയാണെന്നും കണ്ടെത്തി. പരിശോധനയിൽ ഗുരു സേവകിൻ്റെ മൊബൈൽ ഫോണിൽ നിന്ന് മറ്റൊരു പാസ്‌പോർട്ടിൻ്റെ സോഫ്റ്റ് കോപ്പി അധികൃതർ കണ്ടെത്തി. ഇതിൽ ഇയാളുടെ പേര് ഗുരു സേവക് സിംഗ് എന്നാണെന്നും 2000 ജൂൺ 10 നാണ് ഇദ്ദേഹം ജനിച്ചതെന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഗുരു സേവക് തൻ്റെ യഥാർത്ഥ പ്രായവും പേരും സമ്മതിക്കുകയും രഷ്‌വീന്ദർ സിംഗ് സഹോട്ടയുടെ പേരിലുള്ള പാസ്‌പോർട്ട് വ്യാജമാണെന്ന് അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു വിവരങ്ങൾ പുറത്തുവന്നത്. താനും ഭാര്യയും യുഎസിലേക്ക് പോകാൻ ജഗ്ഗി എന്ന ട്രാവൽ ഏജൻ്റിൻ്റെ സഹായം തേടിയതായി ഗുരു സേവക് വെളിപ്പെടുത്തി. യാത്രയ്ക്കായി ജഗ്ഗിക്ക് 60 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു. ദമ്പതികളെ കാനഡയിലേക്ക് എത്തിച്ചതിനു ശേഷം, അവിടെ നിന്ന് അനധികൃത കുടിയേറ്റക്കാർ പലപ്പോഴും ഉപയോഗിക്കുന്ന രഹസ്യ പാതയായ “ഡോങ്കി റൂട്ട്” ഉപയോഗിച്ച് അമേരിക്കയിലേക്ക് പ്രവേശിക്കാം എന്നായിരുന്നു ജഗ്ഗിയുടെ പദ്ധതി.
ഗുരു സേവക് ജഗ്ഗിക്ക് 30 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. യാത്ര സുഗമമാക്കുന്നതിന്, വ്യാജ പാസ്‌പോർട്ടും ആവശ്യമായ വിസകളും ജഗ്ഗി സംഘടിപ്പിച്ചു. ദമ്പതികൾക്ക് വ്യാജ ഐഡൻ്റിറ്റികളും നൽകി.
നിയമനടപടികൾക്കായി സിഐഎസ്എഫ് ഗുരു സേവകിനെയും ഭാര്യയെയും ഡൽഹി പൊലീസിന് കൈമാറി. വ്യാജ പാസ്‌പോർട്ട് കൈവശം വച്ചതിനും അനധികൃതമായി വിദേശയാത്രയ്ക്ക് ശ്രമിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏജന്റ് ആയ ജഗ്ഗിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഇയാളുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാനും നേരത്തെ ഇതുപോലെ എത്ര പേരെ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് കണ്ടെത്താനും അധികൃതർ അന്വേഷണം ആരംഭിച്ചു.