
ന്യൂഡൽഹി: മധുവിധു യാത്രക്കിറങ്ങിയ യുവദമ്പതികളെ മരണം കവർന്നു. നവദമ്പതികളായ അഭിഷേക് അലുവാലിയയെയും അഞ്ജലിയെയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം കവർന്നത്.
തിങ്കളാഴ്ച ഡൽഹി മൃഗശാല സന്ദർശിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. 25കാരനായ അഭിഷേകിന് മൃഗശാലയിലെത്തിയ പിന്നാലെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അന്നേദിവസം രാത്രി 9 മണിയോടെ അഭിഷേകിന്റെ മൃതദേഹം ഗാസിയാബാദിലെ ഇവരുടെ ഫ്ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിൽ എത്തിച്ചു. അഭിഷേകിന്റെ ജീവനില്ലാത്ത ശരീരം കണ്ട് ഹൃദയംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. 2023 നവംബർ 30നായിരുന്നു അഭിഷേകിന്റെയും അഞ്ജലിയുടെയും വിവാഹം.















