
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ 25കാരന്‍ പിടിയിലായി. ഡല്‍ഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. ടെലിവിഷനില്‍ ഇതു സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. പന്ത്രണ്ടാം തരം വരെ പഠിച്ച യുവാവ് തൊഴില്‍ രഹിതനാണ്
വിമാനങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ഭീഷണികള്‍ ഉയര്‍ന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച ഒരു പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒക്ടോബര്‍ 14 മുതല്‍ 275 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കുമിടെ രണ്ടു ഭീഷണി സന്ദേശങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിന് ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ ഡല്‍ഹിയിലെ രാജപുരിയില്‍ നിന്നുള്ള ശുഭം ഉപാധ്യായയുടെ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് കുറ്റസമ്മതം നടത്തിയത്.