ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ചുവടുവയ്ക്കാന്‍ 26 ഇന്ത്യന്‍ വംശജരായ എംപിമാര്‍, ഇത് റെക്കോര്‍ഡ് !

ലണ്ടന്‍: ഭരണമാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ചുഴറ്റിയെറിയുകയും ചെയ്ത ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയപ്പോള്‍ പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാര്‍. ഈ 26പേരില്‍ ഒരാളായി ഋഷി സുനകും ഉണ്ടാകും. ഹൗസ് ഓഫ് കോമണ്‍സിലേക്ക് റെക്കോര്‍ഡ് എഴുതിച്ചേര്‍ത്താണ് 26 ഇന്ത്യന്‍ വംശജരായ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനക്, റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2015 മുതല്‍ അദ്ദേഹം എം.പിയാണ്. സുനകിനൊപ്പം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇടംപിടിക്കുന്ന മറ്റു ചിലര്‍ ഇവരൊക്കെ…

സുവല്ല ബ്രേവര്‍മാന്‍

സുനക് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു സുവല്ല ബ്രേവര്‍മാന്‍. ഗോവന്‍ വംശജയായ ഇവര്‍ ഫരെഹാം ആന്‍ഡ് വാട്ടര്‍ലൂവില്ലെ മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം.പിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ഗഗന്‍ മൊഹീന്ദ്ര

തന്റെ സൗത്ത് വെസ്റ്റ് ഹെര്‍ട്ട്ഫോര്‍ഡ്ഷെയര്‍ സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ക്കായി നിലനിര്‍ത്തിയ ഇന്ത്യന്‍ വംശജനാണ് ഗഗന്‍ മൊഹീന്ദ്ര. സൗത്ത് വെസ്റ്റ് ഹെര്‍ട്സ് മണ്ഡലത്തില്‍ നിന്ന് 16458 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. ഇദ്ദേഹം ബ്രിട്ടീഷ്-ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു.

സോജന്‍ ജോസഫ്
മലയാളിയായ സോജന്‍ ജോസഫ് ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. കോട്ടയം സ്വദേശിയായ ഇദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് 1779 വോട്ടിനാണ് വിജയം ഉറപ്പിച്ചത്.

പ്രീത് കൗര്‍ ഗില്‍
ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണില്‍നിന്ന് ലേബര്‍ പാര്‍ട്ടിക്കുവേണ്ടി വീണ്ടും വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് പ്രീത് കൗര്‍ ഗില്‍. 8368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. പ്രതിപക്ഷത്തെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഷാഡോ മിനിസ്റ്റര്‍ ആയിരുന്നു.

ലിസ നന്ദി

2014 മുതല്‍ ലേബര്‍ പാര്‍ട്ടി എം.പിയാണ് ലിസ നന്ദി. സിറ്റിങ് സീറ്റായ വിഗനില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ലിസ 19401 വോട്ടുകള്‍ നേടി. ഇവരുടെ പിതാവ് കൊല്‍ക്കത്ത സ്വദേശിയാണ്.

കനിഷ്‌ക നാരായണ്‍
വേല്‍ ഓഫ് ഗ്ലാമോര്‍ഗന്‍ മണ്ഡലത്തില്‍നിന്ന് 17740 വോട്ടുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി അംഗമായ കനിഷ്‌ക നാരായണിന്റെ വിജയം. ഇന്ത്യയില്‍ ജനിച്ച കനിഷ്‌ക നാരായണ്‍ വെയ്ല്‍സിലെ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആദ്യ എം.പിയാണ്…

ശിവാനി രാജ
ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ലെയ്സെസ്റ്റര്‍ ഈസ്റ്റ് മണ്ഡലം പിടിച്ചെടുത്തുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ശിവാനി രാജ മുന്നേറിയത്… ഇങ്ങനെ നീളുന്നു ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ വിജയിച്ച ഇന്ത്യന്‍ വംശജരുള്ളത് ലേബര്‍ പാര്‍ട്ടിയിലാണ്. ഹെസ്റ്റണ്‍ മണ്ഡലത്തില്‍ മികച്ച മാര്‍ജിനില്‍ പിടിച്ചുനിന്ന സീമ മല്‍ഹോത്ര, ഗോവന്‍ വംശജയായ വലേരി വാസ്, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര (സ്റ്റോക്ക്പോര്‍ട്ട്), നാദിയ വിറ്റോം (നോട്ടിംഗ്ഹാം ഈസ്റ്റ്) എന്നിവരുള്‍പ്പെടെ ലേബര്‍ പാര്‍ട്ടിക്കായി സിറ്റിംഗ് സീറ്റുറപ്പിച്ചു. ഇവരില്‍ പലര്‍ക്കും മികച്ച ഭൂരിപക്ഷവുമുണ്ടായിരുന്നു.

ജാസ് അത്വാള്‍ (ഇല്‍ഫോര്‍ഡ് സൗത്ത്), ബാഗി ശങ്കര്‍ (ഡെര്‍ബി സൗത്ത്), സത്വീര്‍ കൗര്‍ (സൗതാംപ്ടണ്‍ ടെസ്റ്റ്), ഹര്‍പ്രീത് ഉപ്പല്‍ (ഹഡര്‍സ്ഫീല്‍ഡ്), വാരിന്ദര്‍ ജസ് (വോള്‍വര്‍ഹാംപ്ടണ്‍ വെസ്റ്റ്) എന്നീ ബ്രിട്ടീഷ് ഇന്ത്യക്കാരൊക്കെ നവാഗതരുടെ നിരയില്‍ നിന്നാണ് ലേബര്‍ പാര്‍ട്ടിക്കായി പല സീറ്റുകളും പിടിച്ചത്.

More Stories from this section

family-dental
witywide