
ന്യൂഡല്‍ഹി: രാജ്യം ഇന്ന് രണ്ടാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പടികയറുമ്പോള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) ദേശീയ സംഘടനയും ചേര്‍ന്ന് മത്സരാര്‍ത്ഥികളുടെ സ്വയം സത്യവാങ്മൂലം വിശകലനം ചെയ്തതനുസരിച്ച്, ‘സ്റ്റാര്‍ ചന്ദ്രു’ എന്നറിയപ്പെടുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് വെങ്കിട്ടരമണെ ഗൗഡയാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി. എച്ച്ഡി കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന ഗൗഡയുടെ സ്വത്ത് 622 കോടി രൂപയാണ്.
കര്‍ണാടകയിലെ നിലവിലെ കോണ്‍ഗ്രസ് എംപി ഡികെ സുരേഷ് 593 കോടി രൂപയുടെ ആസ്തിയുള്ള രണ്ടാമത്തെ സമ്പന്ന സ്ഥാനാര്‍ത്ഥിയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇളയ സഹോദരനായ സുരേഷ് ബാംഗ്ലൂര്‍ റൂറലില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നു.
മഥുര ലോക്സഭാ സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന ബിജെപി എംപി ഹേമമാലിനി 278 കോടി രൂപ ആസ്തിയുള്ള മൂന്നാമത്തെ സമ്പന്നയാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ശര്‍മ്മയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 232 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 217.21 കോടി രൂപയുടെ ആസ്തിയുള്ള കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പട്ടികയില്‍ അഞ്ചാമതാണ്.
അതേസമയം, ഏറ്റവും പാവപ്പെട്ടവരെന്ന നിലയില്‍ അറിയപ്പെടുന്ന ചില സ്ഥാനാര്‍ത്ഥികള്‍ക്കൂടിയുണ്ട് ഈ രണ്ടാം ഘട്ടത്തില്‍. മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലക്ഷ്മണ്‍ നഗോറാവു പാട്ടീലാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം 500 രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാജേശ്വരി കെ.ആര്‍. കേരളത്തില്‍ കാസര്‍ഗോഡില്‍ നിന്ന് മത്സരിക്കുന്നു. ഇവര്‍ക്കുള്ളത് 1000 രൂപയുടെ ആസ്തിയാണ്.
അമരാവതിയില്‍ (എസ്സി) സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയ പൃഥ്വിസാമ്രാട്ട് മുകിന്ദ്രാവു ദിപ്വന്‍ഷ് പട്ടികയില്‍ മൂന്നാമതാണ്, ഇദ്ദേഹത്തിന്റെ ആകെ ആസ്തി 1,400 രൂപ. രാജസ്ഥാനിലെ ജോധ്പൂരില്‍ മത്സരിക്കുന്ന ദളിത് ക്രാന്തിദള്‍ നേതാവ് ഷഹനാസ് ബാനോയ്ക്കുള്ളത് 2000 രൂപയുടെ ആസ്തിയാണ്. കേരളത്തിലെ കോട്ടയത്ത് നിന്ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) മത്സരിക്കുന്ന വി.പി കൊച്ചുമോന്‍ 2,230 രൂപ ആസ്തിയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
അതേസമയം, രണ്ടാം ഘട്ടത്തിന് ശേഷം കേരളം, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.















