
മംഗളൂരു: മംഗളൂരുവിലെ ഉള്ളാലിലെ റിസോര്‍ട്ടില്‍ നീന്തല്‍ക്കുളത്തില്‍ 3 യുവതികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും മാനേജറും അറസ്റ്റില്‍. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. ഉള്ളാല്‍ വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍ പുത്രന്‍, മാനേജര്‍ ഭരത് എന്നിവരാണ് അറസ്റ്റിലായത്.
റിസോര്‍ട്ടിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. ലൈഫ് ഗാര്‍ഡ് നീന്തല്‍ക്കുളത്തിന്റെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം എവിടെയും എഴുതിവച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു മുന്‍കരുതലും റിസോര്‍ട്ട് സ്വീകരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച ദാരുണമായ സംഭവം ഉണ്ടായത്. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ എം.ഡി.നിഷിത (21), എസ്.പാര്‍വതി (21), എന്‍.കീര്‍ത്തന (21) എന്നിവരെ വാസ്‌കോ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച റിസോര്‍ട്ടിലെത്തിയ ഇവര്‍ നീന്തല്‍ക്കുളത്തിലേക്ക് പോകുകയായിരുന്നു. മൂവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഇവര്‍ മൈസൂരു സ്വദേശികളാണ്. നീന്തല്‍ക്കുളത്തിന്റെ ഒരു ഭാഗത്ത് ആഴം കുറവായിരുന്നെങ്കിലും മറുവശത്ത് ആറടിയോളം ആഴമുണ്ടായിരുന്നു. മൂവരും ആദ്യം ആഴം കുറഞ്ഞ ഭാഗത്തുനിന്നെങ്കിലും ഒരാള്‍ കാലുതെന്നി ആഴംകൂടിയ ഭാഗത്തേക്കു വീണു. കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും ആഴത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.