
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയിലെ അംഗബലം വര്‍ധിച്ചു, നാല് നിയമസഭാംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെയും നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയിലെയും രണ്ട് എംഎല്‍എമാര്‍ വീതമാണ് ബിജെപിയിലേക്ക് മാറിയത്.
ഇപ്പോള്‍ അരുണാചല്‍ നിയമസഭയില്‍ ബിജെപിക്ക് 56 അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളും മറ്റ് രണ്ട് പേര്‍ സ്വതന്ത്രരുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് ഈ പാര്‍ട്ടിമാറ്റം എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ നിനോങ് എറിങ്, വാങ്‌ലിന്‍ ലോവാന്‍ഡോങ്, എന്‍പിപി നിയമസഭാംഗങ്ങളായ മുച്ചു മിത്തി, ഗോകര്‍ ബസാര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അസം മന്ത്രിയും അരുണാചല്‍ പ്രദേശിന്റെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ അശോക് സിംഗാളും ടചടങ്ങിന് സാക്ഷിയായിരുന്നു.