
അമരാവതി: ടിഡിപി അധികാരത്തിലേറിയതിന് തൊട്ടു പിന്നാലെ സംസ്ഥാനത്തെ നാല് പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ. തെലുങ്ക് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എൻ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതൽ നിർത്തിവച്ചത്. എന്നാൽ, കേബിൾ ഓപ്പറേറ്റർമാർക്ക് ഇത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ്സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.
ടിഡിപി സർക്കാർ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകൾ അപ്രത്യക്ഷമാകുന്നത്. ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാൻ സമ്മർദമുണ്ടായിരുന്നു എന്ന് വൈ.എസ്.ആർ.സി.പി ആരോപിക്കുന്നു.
എന്നാൽ, ടി.ഡി.പിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻ.ഡി.എ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിർദേശം നൽകിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി. മന്ത്രി എൻ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികൾ ചെയ്യാനുണ്ടെന്നും ഇത്തരം നിസ്സാര കാര്യങ്ങൾക്ക് സമയം കളയാനില്ലെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
4 Prominent News Channels of Andra Pradesh Stopped Broadcasting