മോദിക്ക് നൽകിയ വാക്കുപാലിച്ച് പുടിൻ, റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നി‍ർബന്ധിതരായ ഇന്ത്യൻ യുവാക്കൾക്ക് മോചനം

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ സന്ദർശനത്തിനിടെ നൽകിയ വാക്ക് പാലിച്ചുള്ള പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍റെ നിർദ്ദേശമനുസരിച്ച് റഷ്യയിൽ ആറ് ഇന്ത്യൻ യുവാക്കൾക്ക് മോചനം. ഏജൻ്റുമാരാൽ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നി‍ർബന്ധിതരായ യുവാക്കൾക്കാണ് ഇന്ത്യയിലേക്ക് മടങ്ങാനായത്. ജൂലൈയിൽ റഷ്യൻ സന്ദർശന വേളയിൽ മോദി ഇക്കാര്യം പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ സൈന്യത്തിൽ ചേർന്ന ആറ് ഇന്ത്യക്കാരെ റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ക്യാമ്പുകളിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നത്.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ, ഗുൽബർഗയിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീർ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവർ സംഘത്തിലുണ്ട്. കശ്മീരിൽ നിന്നുള്ള ഒരു യുവാവും കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരാളും വ്യാഴാഴ്ച വൈകുന്നേരം മോസ്കോയിൽ നിന്ന് വിമാനം കയറിയിരുന്നു. റഷ്യൻ സർക്കാർ ഓഫീസുകളിൽ ഹെൽപ്പർമാരായി ജോലിക്ക് അപേക്ഷിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. പിന്നീട് ഇവരുടെ ജീവൻ പോലും അപകടത്തിലാക്കി യുദ്ധത്തിന്റെ മുൻനിരയിലേക്ക് പോകാൻ നിർബന്ധിതരാക്കുകയായിരുന്നുവെന്ന് യുവാക്കളുടെ കുടുംബങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 91 ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്തതായും അതിൽ എട്ട് പേർ കൊല്ലപ്പെട്ടതായും 69 ഇന്ത്യക്കാർ മോചനത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓഗസ്റ്റ് 9 ന് ലോക്‌സഭയെ അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide