
ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് വനിതാ കേഡര്‍മാര്‍ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയില്‍ നിന്നുള്ളമാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്.
വെടിവയ്പ്പിനുശേഷം രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് നക്സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സ്ഫോടക വസ്തുക്കളും സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഐജി പറഞ്ഞു. ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡിലെ ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തിനടുത്തുള്ള വനമേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ ഓപ്പറേഷനിടെയാണ് വെടിവയ്പുണ്ടായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), അതിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തിരച്ചില്‍ നടത്തിയത്.
6 Maoists killed in Chhattisgarh










