
ന്യൂഡല്‍ഹി: കുവൈറ്റില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ തീപിടുത്തമുണ്ടായി ആറുപേര്‍ മരിച്ചെന്ന് വിവരം. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരം. എന്‍.ബി.ടി.സി കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. മരണ സംഖ്യ കൃത്യമായി അറിവായിട്ടില്ല. 12 ല്‍ അധികം പേര്‍ മരണമടഞ്ഞതായി ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ 21 പേരെ അദാന്‍ ആശുപത്രിയിലും 11 പേരെ മുബാറക്, അല്‍ കബീര്‍ ആശുപത്രിയിലും, ഫര്‍വാനിയ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മംഗഫ് ബ്ലോക്ക് നാലിലുള്ള കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. ഈ കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. താഴെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് ചാടിയ പലര്‍ക്കും ഗുരുതര പരുക്കേറ്റതായാണ് വിവരം.
കെട്ടിടത്തിന്റെ താഴെ നിലയില്‍ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളിലെ ലീക്കാണ് അപകടത്തിനു കാരണമായതെന്ന് ഫയര്‍ ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് തീ അണയ്ച്ചത്.