
ന്യൂഡൽഹി: ജുഡീഷ്യറിയിൽ സമ്മർദ്ദം ചെലുത്താനും ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കാനും കോടതികളെ അപകീർത്തിപ്പെടുത്താനും ഒരു നിക്ഷിപ്ത താൽപ്പര്യ സംഘം ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകർ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു.
“അവരുടെ നടപടികൾ ജുഡീഷ്യറിയുടെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും നേർക്കുള്ള കടന്നാക്രമണമാണ്. രാഷ്ട്രീയ കേസുകളിൽ അവരുടെ സമ്മർദ തന്ത്രങ്ങൾ വളരെ വ്യക്തമാണ്, പ്രത്യേകിച്ച് അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയ വ്യക്തികൾ ഉൾപ്പെടുന്ന കേസുകളിൽ. നമ്മുടെ കോടതികളെ നശിപ്പിക്കുകയും നമ്മുടെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,” കത്തിൽ പറയുന്നു.
600-ഓളം വരുന്ന അഭിഭാഷകരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. സമകാലീന കോടതി നടപടികളിൽ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഒരടിസ്ഥാനവുമില്ലാതെ ‘പണ്ടൊരു സുവർണ കാലമുണ്ടായിരുന്നു’ എന്ന തരത്തിലുള്ള പ്രചാരണങ്ങളാണു നടത്തുന്നത്. ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി കോടതി വിധികളെ അട്ടിമറിക്കാനും കോടതികളെ അപകീർത്തിപ്പെടുത്താനുമുള്ള മനഃപൂർവമായ പ്രസ്താവനകൾ മാത്രമാണിതെന്നും കത്തിൽ പറയുന്നു. ഇക്കൂട്ടത്തിൽ ചില അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്നു മുന്നറിയിപ്പു നൽകുന്ന കത്തിൽ തങ്ങൾ ആരെയാണു ഉദ്ദേശിക്കുന്നതെന്നു കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
‘ജൂഡീഷ്യറി ഭീഷണിയിൽ – രാഷ്ട്രീയ, ഔദ്യോഗിക സമ്മർദങ്ങളിൽ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക’ എന്ന പേരിലാണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തു കത്തുനൽകിയിരിക്കുന്നത്.












