
ലഖ്‌നൗ: 2023 ഡിസംബറിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാർ എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ ജയിലിൽ ആകെ എച്ച്ഐവി ബാധിതരായ തടവുകാരുടെ എണ്ണം 63 ആയെന്ന് ജയിൽ ഭരണകൂടം അറിയിച്ചു.
സെപ്തംബർ മുതൽ എച്ച്ഐവി പരിശോധനാ കിറ്റുകൾ ലഭ്യമല്ലാത്തതാണ് ഡിസംബറിൽ നടന്ന പരിശോധന വൈകുന്നതിന് കാരണമെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി.
രോഗബാധിതരായ തടവുകാരിൽ ഭൂരിഭാഗവും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണ്. ജയിന് പുറത്തുവച്ച് മലിനമായ സിറിഞ്ചുകൾ ഉപയോഗിച്ചാണ് ഈ തടവുകാർക്ക് വൈറസ് ബാധയുണ്ടായതെന്ന് ഭരണകൂടം അവകാശപ്പെടുന്നു. ജയിലിൽ പ്രവേശിച്ച ശേഷം ഒരു തടവുകാരനും എച്ച്ഐവി ബാധിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം.
സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി, എല്ലാ എച്ച്ഐവി പോസിറ്റീവ് തടവുകാരും ഇപ്പോൾ ലഖ്‌നൗവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രോഗബാധിതരായ തടവുകാരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എച്ച്ഐവി അണുബാധ മൂലം ഒരു മരണവും ഉണ്ടായിട്ടില്ലെന്ന് ഭരണകൂടം ഉറപ്പിച്ചു പറയുന്നു.















