
കാനഡയിലെ ഒരു വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ട 6,500 സ്വർണക്കട്ടികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടാകാമെന്ന് പൊലീസ്. കഴിഞ്ഞ ഏപ്രിലിൽ ടൊറൻ്റോയിലെ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന സീരിയലൈസ്ഡ് ബാറുകളുടെ രൂപത്തിലുള്ള സ്വർണം മോഷണം പോയിരുന്നു.
രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കവർച്ചയായാണ് ഇത് കണക്കാക്കപ്പെടുന്നത്. മോഷ്ടിച്ച സ്വർണം ഉടൻ തന്നെ മിഡിൽ ഈസ്റ്റിലേക്കോ ദക്ഷിണേഷ്യൻ മേഖലയിലേക്കോ കടത്തിയെന്നാണ് പീൽ റീജിയണൽ പൊലീസ് കരുതുന്നത്. ദുബായിലേക്കോ ഇന്ത്യയിലേക്കോ ആകാം സ്വർണം കടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിലെ എയർ കാനഡ കാർഗോ ഫെസിലിറ്റിയിലാണ് കവർച്ച നടന്നത്. ഏറെ സെക്യൂരിറ്റി ഉള്ള ഒരു വിമാനത്താവളത്തിൽ നിന്നാണ് എല്ലാ സുരക്ഷാ മാനണ്ഡങ്ങളും മറികടന്ന് ഒരാൾ ഒരു കണ്ടെയ്നർ സ്വർണവുമായി കടന്നു കളഞ്ഞത്. സ്വിറ്റ്‌സർലൻഡിൽ നിന്ന് ടൊറൻ്റോയിലേക്കുള്ള എയർ കാനഡ വിമാനത്തിലാണ് സ്വർണ കണ്ടെയ്‌നർ എത്തിയത്. 22 മില്യൺ കനേഡിയൻ ഡോളറിൻ്റെ സ്വർണക്കട്ടികളും വിദേശ കറൻസിയുമുണ്ടായിരുന്നു. ഇതാണ് മോഷ്ടിക്കപ്പെട്ടത്.
കണ്ടയ്നർ കയറ്റിയ വാഹനവുമായി ഒരാൾ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് കടന്നു പോയി. ഇയാൾ സീ ഫുഡ് കയറ്റുമതി ചെയ്യുന്നതിനുള്ള ഡ്യൂപ്ലിക്കേറ്റ് ബില്ലുമായി ആണ് കാർഗോ ഏരിയയിൽ പ്രവേശിക്കുന്നത്. എന്നാൽ തിരിച്ചുപോയതാകട്ടെ സ്വർണവുമായും. സംഭവം നടന്ന് അടുത്ത ദിവസം മാത്രമാണ് അധികൃതർ ഇക്കാര്യം അറിഞ്ഞത്. കണ്ടെയ്നർ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയുമായി കടന്നു കളഞ്ഞുവെന്ന് മനസിലായത്.