
മേപ്പാടി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ഇന്ന് പ്രധാന ആക്ഷൻ പ്ലാൻ നടത്താൻ തീരുമാനിച്ചതായും സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് അന്വേഷണം നടത്തുമെന്നും റവന്യുവകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.
സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
“പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേര്‍ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടില്‍ എത്തിച്ചേരും. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കും,” മന്ത്രി പറഞ്ഞു.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിൻറെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുക. ഇനിയും പരിശോധിക്കാത്ത മേഖലകളിൽ ഇന്ന് പരിശോധന നടത്തും. തിങ്കളാഴ്ച്ച മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാൻ്റേഷൻ്റെ 50 സെൻ്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്ക്കരിച്ചു. 158 ശരീര ഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെൻ്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.