അഗ്നിവീറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കി; രാഹുലിനെ തള്ളി, പോസ്റ്റുമായി സൈന്യം

ന്യൂഡല്‍ഹി: അഗ്നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച് മണിക്കൂറുകള്‍ക്കകം പോസ്റ്റുമായി സൈന്യം രംഗത്ത്. 98.39 ലക്ഷം രൂപ നല്‍കിയതായി സൈന്യം ബുധനാഴ്ച രാത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ പറയുന്നുവെന്നും എന്നാല്‍, അത് ശരിയല്ലെന്നും നല്‍കാനുള്ള ആകെ തുകയില്‍ അഗ്‌നിവീര്‍ അജയന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നുമാണ് പോസ്റ്റ്.

മാത്രമല്ല, അഗ്‌നിവീര്‍ അജയന്‍ ചെയ്തത്‌ പരമമായ ത്യാഗമാണെന്നും പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 1.65 കോടി രൂപയായിരിക്കും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കുകയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യം അഗ്‌നിവീരന്മാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സൈന്യത്തിന്റെ വിശദീകരണം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ട് രാജ്നാഥ് സിംഗിന്റെ ഓഫീസ് പറഞ്ഞു. അഗ്നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു.

More Stories from this section

family-dental
witywide