
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 9 വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് താനെയിലെ ബദ്ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പള്ളിയില്‍ നിന്നും സായാഹ്ന പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഇബാദ് എന്ന ബാലനെ അയല്‍വാസിയായ തയ്യല്‍ക്കാരന്‍ സല്‍മാന്‍ മൗലവി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ വീടിന്റെ പണിനടക്കുകയായിരുന്നു. അതിനായി കൂടുതല്‍ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പള്ളിയില്‍ നിന്നും കുട്ടി മടങ്ങിയെത്താതായപ്പോള്‍ വീട്ടുകാര്‍ കുട്ടിനെ അന്വേഷിച്ചിറങ്ങി. അതിനിടെ കുട്ടിയുടെ പിതാവ് മുദ്ദാസിറിന് 23 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് കോള്‍ എത്തി. പിന്നീട് പൊലീസും ഗ്രാമവാസികളും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. താന്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ സല്‍മാന്‍ കുട്ടിയെ കൊലപ്പെടുത്തി ചാക്കിലാക്കി വീടിനു സമീപം ഒളിപ്പിച്ചു. എന്നാല്‍ തിങ്കളാഴ്ചയോടെ സല്‍മാന്റെ താമസ സ്ഥലത്തുനിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തട്ടിക്കൊണ്ടുപോകലും കൊലപാതകവുമായി ബന്ധപ്പെട്ട് സല്‍മാനോടൊപ്പം സഹോദരന്‍ സഫുവാന്‍ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സല്‍മാനാണ് പ്രധാന പ്രതിയെന്നും, ഈ ക്രൂരമായ കുറ്റകൃത്യത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ബദ്ലാപൂര്‍ പോലീസ് പറഞ്ഞു.
A 9-year-old boy was kidnapped and killed in Mumbai.