
പത്തനംതിട്ട: അടൂര്‍ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് അരളി ഇലയില്‍നിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് വ്യക്തമായത്. അടൂര്‍ മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്.
പശുവിനും കിടാവിനും ദഹനക്കേട് ഉണ്ടായതിനെത്തുടര്‍ന്ന് മരുന്നുവാങ്ങിയെങ്കിലും മരുന്ന് നല്‍കുന്നതിനു മുമ്പ് കിടാവ് ചത്തിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കിയെങ്കിലും അടുത്ത ദിവസം പശുവും ചത്തു. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവയ്പ്പും എടുത്തിരുന്നു. കുത്തിവയ്‌പ്പെടുക്കാന്‍ സബ് സെന്ററില്‍ നിന്ന് വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വീടിന് സമീപത്ത് അരളിച്ചെടി കണ്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്തിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരാണ് പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മരണ കാരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ അരളിയുടെ വിഷം ഉളളില്‍ച്ചെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ട് ചവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് വ്യാപകമായി നിരോധിച്ചിരിക്കുകയാണ്. പൂവിന് ഔദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് നിവേദ്യപൂജകള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അരളിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് പത്തനംതിട്ടയില്‍ നിന്നും വീണ്ടും അരളിവിഷം വാര്‍ത്തയാകുന്നത്.