ചൊവ്വയില്‍ തടാകം? അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ

ന്യൂഡല്‍ഹി: ചൊവ്വയില്‍ പുരാതന തടാകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസയുടെ ചൊവ്വാദൗത്യത്തിന്റെ ഭാഗമായുള്ള പെര്‍സെവറന്‍സ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം കണ്ടെത്തിയത്. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട തടാകത്തില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നും സംശയിക്കുന്ന സൂചനകളാണ് പുറത്തുവന്നത്.

ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും (യുസിഎല്‍എ) ഓസ്ലോ സര്‍വകലാശാലയിലെയും ടീമുകളുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തണുത്തതും വരണ്ടതും നിര്‍ജീവവുമായ ചൊവ്വ ഒരു കാലത്ത് ഊഷ്മളവും നനഞ്ഞതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നു എന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകം സഞ്ചരിക്കുന്നത്.

2021 ഫെബ്രുവരിയില്‍ ഇറങ്ങിയ സ്ഥലത്തിന് അടുത്തുള്ള നാല് സ്ഥലങ്ങളില്‍ പെര്‍സെവറന്‍സ് നടത്തിയ പരിശോധനകളില്‍ അഗ്‌നിപര്‍വ്വത സ്വഭാവമുള്ള പാറയുടെ സാന്നിധ്യവും ഗവേഷകരെ അത്ഭുതപ്പെടുത്തി.