ഡല്‍ഹിയിലെ ഗാസിപൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ ; തീ അണയ്ക്കല്‍ ശ്രമങ്ങള്‍ തുടരുന്നു

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരിലെ കൂറ്റന്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

തീപിടിത്തം ദേശീയ തലസ്ഥാനത്ത് ഒരു രാഷ്ട്രീയ കലഹത്തിന് കാരണമായിരിക്കുകയാണ്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശമാകെ പുക പടര്‍ന്നിരിക്കുകയാണെന്നും ഇത് താമസക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2019ല്‍ 65 മീറ്ററായിരുന്നു ഗാസിപൂരിലെ മാലിന്യനിക്ഷേപത്തിന്റെ ഉയരം. കുത്തബ് മിനാറിനേക്കാള്‍ എട്ട് മീറ്റര്‍ മാത്രം കുറവ്. 2022-ല്‍ ഗാസിപൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ മൂന്ന് പ്രാവശ്യം തീപിടിത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിലൊരു അഗ്നിബാധ അണയ്ക്കാന്‍ 50 മണിക്കൂറിലധികം സമയമാണ് എടുത്തത്.

ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ഈ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കിടയില്‍, ഈ വിഷയം രാഷ്ട്രീയമായി പരസ്യമായി അവതരിപ്പിക്കാനാണ് ബിജെപി നീക്കം.