
ജഗദീഷ് ബാബു
ആത്മമിത്രമായ എന്‍.ആര്‍.എസ്. മറവിയുടെ കയങ്ങളില്‍ പെട്ടപ്പോള്‍ മറവി രോഗത്തെ അത്ഭുതകരമായി അതിജീവിച്ച മുന്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ടി.എം മനോഹരന്‍ യാത്രയായി. വര്‍ഷങ്ങള്‍ക്കുമുമ്പ് മറവി രോഗം പിടികൂടിയെങ്കിലും അത്ഭുതകരമായി ആ രോഗത്തെ മറികടന്നുകൊണ്ട് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായും വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു ടി.എം മനോഹരന്‍.
മാധ്യമ രംഗത്തെ അത്ഭുതമായ എന്‍.ആര്‍.എസും ഐ.എഫ്.എസില്‍ ഒന്നാം റാങ്ക് നേടി ഫോറസ്റ്റ് സര്‍വ്വീസിലെത്തിയ ടി.എം മനോഹരനും ആത്മമിത്രങ്ങളാണ്. വന സംരക്ഷണത്തില്‍ ഇരുവരും ഒന്നിച്ചായിരുന്നു യാത്ര. ചീഫ് കണ്‍സര്‍വേറ്റര്‍ എന്ന നിലയില്‍ ടി.എം മനോഹരന്‍ പ്രകൃതി സംരക്ഷണത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. എന്‍.ആര്‍.എസാകട്ടെ കേരള കൗമുദി പത്രാധിപര്‍ എന്ന നിലയിലും കലാകൗമുദിയുടെ അമരക്കാരനായും വന സംരക്ഷണത്തിനും പ്രകൃതിക്കും വേണ്ടി പോരാടി. എന്‍.ആര്‍.എസ് മകളുടെ മരണം പോലും തിരിച്ചറിയാനാകാതെ ഓര്‍മ്മ നഷ്ടപ്പെട്ട് കഴിഞ്ഞതോടെയാണ് ഉറ്റ സുഹൃത്തായ മനോഹര്‍ ജി രോഗബാധിതനായത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലും റെഗുലേറ്ററി കമ്മീന്‍ ചെയര്‍മാന്‍ എന്ന നിലയിലും ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആര്‍ക്കും മറക്കാനാവില്ല. ഇടതുപക്ഷ സര്‍ക്കാരിന്റേയും യുഡി.എഫ് സര്‍ക്കാരിന്റേയും കാലത്ത് വൈദ്യുതി ബോര്‍ഡിനെ നയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
എന്‍.ആര്‍.എസും ടി.എം മനോഹരനും ഒന്നിച്ച് ആരംഭിച്ച ‘ഇന്‍വീസ് മള്‍ട്ടിമീഡിയ’ എന്ന സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനമാണ്. അമരക്കാരനായ എന്‍.ആര്‍.എസിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടതോടെ തന്നെ ഈ സ്ഥാപനം പ്രതിസന്ധിയിലാകും. ടി.എം മനോഹരന്റെ വേര്‍പാട് കൂടിയാകുമ്പോള്‍ മഹത്തായ ഈ സ്ഥാപനത്തിന്റെ ഭാവിയാണ് പ്രതിസന്ധിയിലാകുന്നത്.
ഫോറസ്റ്റ് ഫ്‌ലൈംങ് സ്‌ക്വോഡ് ഡി.എഫ്.ഒ ആയിരുന്ന കാലത്താണ് ടി.എം മനോഹരനെ പരിചയപ്പെടുന്നത്. 80 കളില്‍ വിവാദമായ നെല്ലിയാമ്പതി വനം കൊള്ള റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പല വിവരങ്ങളും ഇദ്ദേഹമാണ് നല്‍കിയത്. പത്തു കോടിയിലേറെ വരുന്ന മരം കൊള്ള തടയാന്‍ ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് സഹായിച്ചത്. സി.സി.എഫ് ആയിരുന്ന കാലത്ത് കേരളത്തില്‍ ഉടനീളം വനം കൊള്ളയ്ക്കും വേട്ടയ്ക്കും എതിരെയുള്ള ശക്തമായ നിലപാടുകളാണ് ഇദ്ദേഹം കൈക്കൊണ്ടത്. ടി.എം മനോഹരന്റെ നേതൃത്വത്തില്‍ ഐഎഫ്എസുകാരായ ഉദ്യോഗസ്ഥരുടെ വലിയൊരു നിരയാണ് ഉണ്ടായിരുന്നത്. സിസിഎഫ് എന്ന് കേട്ടാല്‍ ഇന്നും വനപാലകരുടെ മനസില്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ മനസില്‍ ഒരാളേ ഉള്ളൂ. അദ്ദേഹം സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ് ബോര്‍ഡ് ചെയര്‍മാനായും മറ്റും പോയെങ്കിലും അറിയപ്പെടുന്നത് സിസിഎഫ് എന്നുതന്നെയാണ്. സൈലന്റ് വാലിയും പറമ്പിക്കുളവും സിരുവാണിയും അടക്കം കേരളത്തിലെ നിബിഡ വനങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജാഗരൂകനായിരുന്നു അദ്ദേഹം.
പരിസ്ഥിതി കേസുകള്‍ കേള്‍ക്കാനായി ഹൈക്കോടതിയില്‍ ഗ്രീന്‍ ബഞ്ച് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത് ഇദ്ദേഹമാണ്. വി.എസിന്റെ ചരിത്ര പ്രസിദ്ധമായ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ പ്രേരക ശക്തിയായിരുന്നു ടി.എം. മനോഹരന്‍. ഹൈക്കോടതി ജസ്റ്റിസുമാരെ ഒന്നടങ്കം ഇടുക്കി, മൂന്നാര്‍ വനമേഖലകളില്‍ കൊണ്ടുപോകാനും കാടിന്റേയും പരിസ്ഥിതിയുടേയും സംരക്ഷണത്തെക്കുറിച്ച് കോടതികളെ ബോധ്യപ്പെടുത്താനും ടി.എം മനോഹരന് കഴിഞ്ഞു. അതിന്റെ ഫലമായിരുന്നു ഹൈക്കോടതി പ്രഖ്യാപിച്ച ഗ്രീന്‍ ബെഞ്ച്. അതുകൊണ്ടുതന്നെയാണ് വി.എസിന്റെ മൂന്നാര്‍ ദൗത്യത്തിന് ഹൈക്കോടതിയുടെ പിന്തുണ അന്ന് ലഭിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി ഗ്രീന്‍ ബെഞ്ച് കാണിക്കുന്ന കര്‍ശന നിലപാട്.
ടി.എം മനോഹരന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് ഉണിച്ചിറയിലുള്ള വസതിയില്‍ നടക്കും. വൈകുന്നേരം നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. ജയയാണ് ഭാര്യ. ഡോ. മഞ്ചു മനോഹരനാണ് ഏക മകള്‍.
A memoir to TN Manoharan, Retd Chief Forest Conservator















