ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം: ആര്‍ജി കാര്‍ ആശുപത്രി അടിച്ചു തകര്‍ത്ത് ജനക്കൂട്ടം, കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ്ജും

കൊല്‍ക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അര്‍ദ്ധരാത്രി നടത്തിയ പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി ജനക്കൂട്ടം തകര്‍ത്തു. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു.

ആശുപത്രി കാമ്പസിനുനേരെ കല്ലേറുണ്ടാകുകയും സ്ഥിതിഗതികള്‍ വഷളായതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടം ആശുപത്രിയിലേക്ക് പാഞ്ഞടുത്തപ്പോള്‍ പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് ഒരു ബൈക്ക് കത്തിച്ച പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചെന്നും വിവരമുണ്ട്.

വനിതാ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ രാത്രി പ്രതിഷേധമാണ് അക്രമാസക്തമായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ കൊല്‍ക്കത്ത പൊലീസ് മേധാവി വിനീത് ഗോയല്‍ മാധ്യമങ്ങള്‍ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. മാത്രമല്ല, ഇതുകാരണം കൊല്‍ക്കത്ത പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളില്‍ നിന്ന് വളരെയധികം സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.