
ആലപ്പുഴ: കുത്തിയത്തോട് ഒന്നര വയസ്സുകാരന് ക്രൂരമർദനം. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെയും ആൺ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടി ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നരവയസ്സുകാരനു ശനിയാഴ്ചയാണ് മർദനമേറ്റത്. മർദനത്തിൽ ആൺകുട്ടിയുടെ കൈ ഒടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ഇടതു കൈക്കുഴയ്ക്കു പൊട്ടലുണ്ട്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.
ബിജുവും ദീപയും തമ്മിൽ 2 മാസമായി അകന്നു കഴിയുകയാണ്. കുട്ടിയുമായി ദീപ കൃഷ്ണകുമാറിനൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട്ടെ ബിജു താമസിക്കുന്ന വീട്ടിൽ എത്തിച്ചു. ഈ സമയം ബിജു ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു.










