ഒരു മാസം അന്വേഷണം; യുവതിയുടെ പരാതിയിൽ പാസ്റ്റർ കുഞ്ഞുമോനെ പിടികൂടി വനിതാ പൊലീസ്

കത്തിപ്പാറ: ഇടുക്കിയിലെ പാസ്റ്റർ കുഞ്ഞുമോനെ വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പാസ്റ്ററെ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോനെന്ന പാസ്റ്റർ വീട്ടിൽ വച്ചും ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്തും പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഒരു മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വനിത പൊലീസ് സ്റ്റേഷനിലെ സി ഐ സുമതി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ

ഇടുക്കി കത്തിപ്പാറ സ്വദേശിയായ യുവതി കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പരിഹാരം തേടി പാസ്റ്ററായ കുഞ്ഞുമോനെ സമീപിച്ചത്. വീട്ടിൽ പ്രാർത്ഥന നടത്തുന്ന സ്ഥലത്ത് കൗൺസിലിംഗിനിടെ യുവതിയെ കടന്നു പിടിക്കുകയായിരുന്നു പാസ്റ്റർ. ശേഷം പാറത്തോട് ഭാഗത്ത് ഒരു ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗശാന്തി ശുശ്രൂഷ നൽകാനെന്ന പേരിൽ ആശുപത്രിയിലെത്തിയ കുഞ്ഞുമോൻ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതി വനിത പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. ശേഷം സി ഐ സുമതി നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്നാണ് വനിതാ പൊലീസ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പല സ്ത്രീകളും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ടെന്ന് കേസ് അന്വേഷിച്ച ഇടുക്കി വനിത പൊലീസ് സി ഐ സുമതി പറഞ്ഞു. എന്നാല്‍ കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും അവ‍ർ പറഞ്ഞു. നിലവിൽ ഒരു പരാതി മാത്രമേ പൊലീസിന് ലഭിച്ചുട്ടുള്ളൂവെന്നും അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് വ്യക്തമായതായും സി ഐ വ്യക്തമാക്കി.

A Pastor Who tried to molest a woman was arrested by police in Idukki.

More Stories from this section

family-dental
witywide