
ന്യൂഡല്‍ഹി: ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ ബിജെപി വോട്ട് ചോദിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ആനന്ദ് എസ് ജോന്‍ഡാലെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ജോന്‍ഡാലെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏപ്രില്‍ 09 ന് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലാണ് മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ വോട്ട് ചോദിച്ചതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ഹിന്ദു, സിഖ് ദേവതകളുടെയും അവരുടെ ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, ‘എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീങ്ങളെ അനുകൂലിക്കുന്നതായി’ അഭിപ്രായപ്പെടുകയും ചെയ്തുവെന്ന് ജോന്‍ഡാലെ വ്യക്തമാക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുക്കുന്നതിനാല്‍, പ്രധാനമന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കാനും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.















