
ന്യൂഡല്‍ഹി: സൗത്ത് ബംഗളൂരുവിലെ ജെ.പി നഗറില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാര്‍ബര്‍മാരായ സമീറും മൊഹ്സിന്‍ എന്നിവര്‍ പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
സ്‌ഫോടനത്തെത്തുടര്‍ന്ന് ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാര്‍ബര്‍മാരാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്നത്. പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) കൂടുതല്‍ അന്വേഷണത്തിനായി സ്ഥലത്തെത്തി. സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് കാരണമെന്ന് ആദ്യം അഭ്യൂഹമുണ്ടായിരുന്നു. പുട്ടെനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിനു പിന്നാലെയാണ് ഇന്നത്തെ അപകടം.















